സി എസ് ആര്‍ ഫണ്ട്‌

ശിശുക്ഷേമസമിതിയില്‍ കുഞ്ഞുങ്ങളെ ലഭിക്കുമ്പോള്‍ അവരില്‍ ഭൂരിഭാഗവും മോശം ആരോഗ്യ സ്ഥിതിയില്‍ ഉള്ളവരായിരിക്കും. അവരുടെ ദൈനംദിന ചിലവുകള്‍ കൂടാതെ വലിയൊരു തുക ആരോഗ്യപരിപാലനത്തിനായി ചിലവഴിക്കേണ്ടി വരുന്നുണ്ട്. ഒരു ദത്തെടുക്കല്‍ കേന്ദ്രത്തില്‍ തന്നെ ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ഓരോ മാസവും ഇത്തരത്തില്‍ ചികിത്സാചിലവ് ഉണ്ടാകുന്നു. ഏക വരുമാന മാര്‍ഗ്ഗമായ ശിശുദിന സ്റ്റാമ്പിന്റെ വില്‍പ്പനയില്‍ നിന്നുള്ള തുക കൊണ്ട് മാത്രം ഈ ചിലവുകള്‍ വഹിക്കാനാകില്ല. കുട്ടികളുടെ പരിപാലനം സുഗമമായി നടപ്പിലാക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം സുമനസുകള്‍ നല്‍കുന്ന സംഭാവനകളാണ്. പ്രവാസികളും സ്ഥാപനങ്ങളും നല്‍കുന്ന സി.എസ്.ആര്‍. ഫണ്ടുകളും സ്പോണ്‍സര്‍ഷിപ്പുകളും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതില്‍ കരുത്തേകുന്നുണ്ട്.

സി എസ് ആര്‍ ഫണ്ടും സംഭാവനകളും സമിതി താഴെപ്പറയുന്ന ശിശുക്ഷേമ കാര്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്.

  1. അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ ശിശുക്കളുടെ സംരക്ഷണം, ചികിത്സ, വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, പുനരധിവാസം.
  2. അമ്മത്തൊട്ടിലുകളുടെ നവീകരണം, പുതുതായി അമ്മത്തൊട്ടിലുകള്‍ സ്ഥാപിക്കലും നടത്തിപ്പും, ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ചുള്ള തൊട്ടിലുകളുടെ നവീകരണം.
  3. ശിശുമരണനിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികള്‍
  4. നിയമാനുസൃത ദത്തെടുക്കല്‍ നടപടികള്‍ പ്രോത്സാഹിപ്പിക്കലും ദത്തുപോകുന്ന കുട്ടികളുടെ ഭാവിജീവിതം കൃത്യമായി നിരീക്ഷിക്കലും.
  5. കൗണ്‍സലിംഗ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
  6. ദേശീയ ചിത്ര രചന / പെയിന്റിംഗ് മത്സരങ്ങള്‍ – കുട്ടികള്‍ക്കു വേണ്ടി വേദിയൊരുക്കല്‍.
  7. സാഹിത്യപുരസ്‌ക്കാരങ്ങളും (കുട്ടികളെക്കുറിച്ച് കുട്ടികള്‍ തയ്യാറാക്കുന്ന കൃതികള്‍ക്ക്) മാധ്യമ അവാര്‍ഡുകളും നല്‍കുന്നതിന്.
  8. കുട്ടികള്‍ക്ക് ദേശീയ ധീരതാ അവാര്‍ഡ് ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കല്‍.
  9. ചാച്ചാ നെഹ്റു ചില്‍ഡ്രന്‍സ് മ്യൂസിയത്തിലെ ഡോള്‍ മ്യൂസിയത്തിന്റെയും ശാസ്ത്ര മ്യൂസിയത്തിന്റെയും പ്രവര്‍ത്തനത്തിന്.
  10. ശിശുദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന്.
  11. ഷെല്‍ട്ടര്‍ ഹോമുകള്‍ – ‘ശരണബാല്യം’ പദ്ധതി മുഖേന രക്ഷിച്ചെടുക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷിത വാസത്തിന്.
  12. പുനരധിവാസകേന്ദ്രങ്ങള്‍ക്കായി
  13. ദത്തെടുക്കല്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന്. നിലവില്‍ തിരുവനന്തപുരം, മലപ്പുറം എന്നീ സ്ഥലങ്ങളില്‍ ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തിക്കുന്നു. കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ്, പത്തനംതിട്ട, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ ശിശുപരിപാലനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പ്രാരംഭദശയിലാണ്.
  14. തണല്‍ കുട്ടികളുടെ അഭയകേന്ദ്രം പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ടോള്‍ ഫ്രീ നമ്പര്‍ 1517. നാളിതുവരെ 7000 – ല്‍ കൂടുതല്‍ കുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടുകഴിഞ്ഞു. ബഹു. മുഖ്യമന്ത്രി 2017 നവംബര്‍ 14 -നാണ് തണല്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്.
  15. മോണ്ടിസ്സോറി സ്‌കൂളിന്റെയും ക്രഷിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന്.
  16. 220 ക്രഷുകളുടെ പരിപാലനത്തിനായി.
  17. അംഗന്‍വാടി പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. 10 കേന്ദ്രങ്ങളാണ് സമിതിയുടെ നിയന്ത്രണത്തിലുള്ളത്.
  18. തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ലിഫ്റ്റ് പിടിപ്പിക്കുന്നതിന്.
  19. സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് പോഷകാഹാരം, വസ്ത്രങ്ങള്‍, കളികോപ്പുകള്‍, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിന്.