ദത്തെടുക്കല്‍ കേന്ദ്രം

ദത്തെടുക്കല്‍ കേന്ദ്രം

ദത്തെടുക്കല്‍ കേന്ദ്രം

കേരള ശിശുക്ഷേമസമിതിയുടെ കീഴില്‍ 1978 മുതല്‍ ദത്തെടുക്കല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. അനാഥരായ കുഞ്ഞുങ്ങളെ അവര്‍ക്ക് അനുയോജ്യമായ വീടുകളിലേക്ക് നിയമപ്രകാരം എത്തിക്കാനുള്ള വഴിയാണ് ദത്തെടുക്കല്‍. ഇതിനോടകം 650 ല്‍ അധികം കുട്ടികളെ സുരക്ഷിതമായ കരങ്ങളിലേക്ക് ഏല്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഓരോ കുട്ടിയും ഏറ്റവും മികച്ച ഒരു കുടുംബത്തിന്റെ ഭാഗമാകണമെന്ന് ശിശുക്ഷേമസമിതി ആഗ്രഹിക്കുന്നു. CARA യുടെ മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാണ് കുട്ടികളെ ദത്ത് നല്‍കുന്നത്. കേന്ദ്ര വനിതാ-ശിശു മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള cara.nic.in എന്ന വെബ്സൈറ്റില്‍ ദത്തെടുക്കലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കും.

ശിശുക്ഷേമസമിതിയുടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പുതിയ ശിശുപരിപാലനകേന്ദ്രങ്ങള്‍ക്ക് ആരംഭമായിട്ടുണ്ട്..കുട്ടിയെ ദത്തെടുക്കുന്ന മാതാപിതാക്കളുമായുള്ള ബന്ധം സമിതി നിലനിര്‍ത്തുന്നു. ആവശ്യമായ സമയങ്ങളിലെല്ലാം അവര്‍ക്ക് പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നു. ദത്തെടുക്കല്‍ കേന്ദ്രത്തിലുള്ള കുട്ടികള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍, ചികിത്സാ സൗകര്യം, വസ്ത്രങ്ങള്‍, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവ ശിശുക്ഷേമ സമിതി ഒരുക്കുന്നുണ്ട്. ദത്തെടുക്കല്‍, കുട്ടികളുടെ അവകാശം തുടങ്ങിയ വിഷയങ്ങളിലായി നിരവധി ബോധവത്കരണ ക്ലാസ്സുകളും ശിശുക്ഷേമ സമിതി നടത്തിവരുന്നുണ്ട്.

ദത്തെടുക്കുന്ന മാതാപിതാക്കളുമായുള്ള ബന്ധം സമിതി നിലനിര്‍ത്തുന്നു. ആവശ്യമായ സമയങ്ങളിലെല്ലാം അവര്‍ക്ക് പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നു. ദത്തെടുക്കല്‍ കേന്ദ്രത്തിലുള്ള കുട്ടികള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍, ചികിത്സാ സൗകര്യം, വസ്ത്രങ്ങള്‍, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവ ശിശുക്ഷേമ സമിതി ഒരുക്കുന്നുണ്ട്.

അടിസ്ഥാനസൗകര്യങ്ങള്‍:

ശിശുക്ഷേമസമിതിയില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ശ്രദ്ധാപൂര്‍വ്വമുള്ള പരിചരണം ആവശ്യമായത്ര ചെറിയ കുഞ്ഞുങ്ങളാണ്. പലവിധ അസുഖമുള്ളവരും ഇവരില്‍ ഉണ്ടാകും. അതിനാല്‍ ഇവര്‍ക്കായി അതീവ ശുചിത്വമുള്ള താമസസൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ പ്രായത്തിലുള്ള കുട്ടികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള ഡൈനിംഗ് ഏരിയയും കുളിമുറികളും ഉണ്ട്.

മെഡിക്കല്‍

സൗകര്യം: ഒരു മെഡിക്കല്‍ പ്രാക്ടീഷണറും ഏഴ് നേഴ്സ്മാരും കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ എണ്ണം ആയമാരും കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി ഉണ്ട്. ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 4:1 എന്ന അനുപാതത്തിലും ഒന്ന് മുതല്‍ മൂന്ന് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് 5:1 എന്ന അനുപാതത്തിലും അതിലും മുതിര്‍ന്ന കുട്ടികള്‍ക്ക് 8:1 എന്ന അനുപാതത്തിലുമാണ് ആയമാരുടെ എണ്ണം.

വസ്ത്രങ്ങള്‍ :

കുട്ടികള്‍ക്ക് എല്ലാ സമയവും വൃത്തിയുള്ളതും സുഖപ്രദവുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ നല്‍കുന്നു.

ഭക്ഷണം :

വൃത്തിയായി പാകം ചെയ്ത പോഷകഗുണമുള്ള ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഭക്ഷണത്തിന്റെ മെനു ക്രമീകരിക്കുന്നു. ഡയറ്റീഷ്യന്റെ നിര്‍ദ്ദേശം സ്വീകരിച്ച് ആവശ്യമുള്ള സമയത്ത് ഭക്ഷണക്രമത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ട്.

വിദ്യാഭ്യാസം:

യോഗ്യതയുള്ള അധ്യാപകരിലൂടെയും പ്രത്യേക അധ്യാപകരിലൂടെയും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു. ഒപ്പം സ്‌കൂളുകളും സഹകരിക്കുന്നു.

ദത്തെടുക്കല്‍

മക്കളില്ലാത്ത ദമ്പതികളുടേതിനേക്കാള്‍ വലിയ വേദനയാണ് സ്നേഹിക്കപ്പെടേണ്ട പ്രായത്തില്‍ തന്റെതെന്ന് കരുതാന്‍ ആരുമില്ലാതാകുന്ന കുഞ്ഞുങ്ങളുടേത്. ബാല്യത്തിന്റെ കളിക്കൊഞ്ചലുകള്‍ നിറഞ്ഞ മനോഹര നിമിഷങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ അവരെ സഹായിക്കുകയാണ് ദത്തെടുക്കല്‍ പ്രക്രിയ. സ്നേഹവാത്സല്യങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കുഞ്ഞിനെ ലഭിക്കുന്നത് മക്കളില്ലാത്ത ദമ്പതികള്‍ക്കും ആശ്വാസമാകുന്നു.

ജന്മം നല്‍കുന്ന മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിനെ സ്ഥിരമായി വേര്‍പെടുത്തുകയും ഏറ്റെടുക്കുന്ന മാതാപിതാക്കളില്‍ നിന്ന് നിയമപരമായ എല്ലാ അവകാശങ്ങളും അധികാരങ്ങളും ഉത്തരവാദിത്വങ്ങളും (JJ Act 2015) കുഞ്ഞിന് ലഭ്യമാക്കുകയും ചെയ്യുന്ന നടപടിയാണ് ദത്തെടുക്കല്‍. നിയമപരമല്ലാത്ത ദത്തെടുക്കല്‍ കുറ്റകരമാണ്. അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളെ കൈമാറ്റം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ബാലനീതി നിയമം 2015 പ്രകാരം 3 വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷ ലഭിക്കുന്നതാണ്.

ദത്തെടുക്കല്‍ : നടപടിക്രമങ്ങള്‍

ആരെയൊക്കെ ദത്തെടുക്കാം ?

കുട്ടിയെ ദത്തെടുക്കുന്നവര്‍ക്ക് ശാരീരിക-മാനസികാരോഗ്യം, കുട്ടിയെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷി എന്നിവ ഉണ്ടായിരിക്കണം. ഗുരുതരമായ രോഗങ്ങളോ മോശം ശാരീരികാവസ്ഥയില്‍ ഉള്ളവര്‍ക്കോ കുട്ടികളെ ദത്തെടുക്കാനാകില്ല. വിവാഹിതരാണോ അവിവാഹിതരാണോ എന്നത് പരിഗണിക്കാതെ തന്നെ നിബന്ധനകള്‍ക്ക് വിധേയമായി ദത്തെടുക്കാം. കുട്ടികള്‍ ഇല്ലാത്തതോ കുട്ടികള്‍ ഉള്ളവരോ ആയ ദമ്പതികള്‍ക്കും ദത്തെടുക്കാനാകും.

  • വിവാഹിതരാണെങ്കില്‍ ദത്തെടുക്കുന്നതിന് രണ്ട് പേരുടേയും സമ്മതം ആവശ്യമാണ്.
  • അവിവാഹിതരില്‍ സ്ത്രീകള്‍ക്ക് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ ദത്തെടുക്കാം. എന്നാല്‍ പുരുഷന് ആണ്‍കുട്ടിയെ മാത്രമേ ദത്തെടുക്കാനാകൂ.
  • രണ്ട് വര്‍ഷത്തില്‍ കുറയാതെ സ്ഥിരതയുള്ള കുടുംബജീവിതം നയിക്കുന്ന ദമ്പതികള്‍ക്ക് മാത്രമേ ദത്തെടുക്കാനാകൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.cara.nic.in സന്ദര്‍ശിക്കുക.

എങ്ങനെയാണ് ദത്തെടുക്കല്‍ ?

ഇന്ത്യയില്‍ താമസിക്കുന്ന ദത്തെടുക്കാന്‍ സന്നദ്ധരായ അപേക്ഷകര്‍ www.cara.nic.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സ്വീകരിച്ചതിന്റെ സ്ലിപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കണം. രജിസ്റ്റര്‍ ചെയ്ത് 30 ദിവസത്തിനകം ആവശ്യമായ രേഖകള്‍ സൈറ്റിലേക്ക് അപ് ലോഡ് ചെയ്യണം.

അതിനുശേഷം രജിസ്റ്റര്‍ ചെയ്ത സ്ലിപ്പുകളുമായി അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രത്തിനെ സമീപിക്കുക. സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ സോഷ്യല്‍ വര്‍ക്കറോ അപേക്ഷകരെക്കുറിച്ചുള്ള പഠനം നടത്തി ഹോം സ്റ്റഡി റിപ്പോര്‍ട്ട് സൈറ്റിലേക്ക് അപ് ലോഡ് ചെയ്യും.

പ്രീ അഡോപ്ഷന്‍ ഫോസ്റ്റര്‍ കെയര്‍

കുട്ടിയെ ഇഷ്ടപ്പെട്ടുകഞ്ഞാല്‍ 10 ദിവസത്തിനകം പ്രീ അഡോപ്ഷന്‍ ഫോസ്റ്റര്‍ കെയര്‍ എഗ്രിമെന്റില്‍ സ്ഥാപന അധികാരികളും അപേക്ഷകരും ചേര്‍ന്ന് ഒപ്പുവയ്ക്കണം. തുടര്‍ന്ന് അപേക്ഷകര്‍ക്ക്് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാനാകും.

തുടര്‍ അന്വേഷണങ്ങള്‍

പ്രീ അഡോപ്ഷന്‍ ഫോസ്റ്റര്‍ കെയറില്‍ കുട്ടിയെ സ്വീകരിക്കുന്നത് മുതല്‍ രണ്ടുവര്‍ഷക്കാലത്തേക്ക് ആറുമാസത്തിലൊരിക്കല്‍ സ്പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സി തുടര്‍ അന്വേഷണ സന്ദര്‍ശനങ്ങള്‍ നടത്തും.

ആര്‍ക്കൊക്കെ ദത്തെടുക്കാം ?

വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും കുഞ്ഞുങ്ങളെ ദത്തെടുക്കാം. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കും സ്വന്തമായി മക്കളുള്ള മാതാപിതാക്കള്‍ക്കും ദത്തെടുക്കാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്   www.cara.nic.in   സന്ദര്‍ശിക്കുക.

റഫറല്‍ മാച്ചിങ്

അപേക്ഷകരുടെ മുന്‍ഗണന അനുസരിച്ച് മൂന്ന് കുട്ടികളുടെ വരെ ഫോട്ടോയും ചൈല്‍ഡ് സ്റ്റഡി റിപ്പോര്‍ട്ടും മെഡിക്കല്‍ എക്സാമിനേഷന്‍ റിപ്പോര്‍ട്ടും ഓണ്‍ലൈനായി കാണാനാകുന്നതാണ്. കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ 48 മണിക്കൂറിനകം അപേക്ഷകര്‍ റിസര്‍വ് ചെയ്യണം. അല്ലാത്തപക്ഷം സീനിയോരിറ്റി ലിസ്റ്റില്‍ പുറകിലേക്ക് പോകും. കുട്ടിയെ റിസര്‍വ് ചെയ്ത് 20 ദിവസത്തിനകം കുട്ടി നില്‍ക്കുന്ന അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രത്തിലെ അഡോപ്ഷന്‍ കമ്മറ്റിയുടെ മുന്‍പാകെ ഹാജരാകണം.

കമ്മറ്റി അപേക്ഷകരുടെ രേഖകള്‍ പരിശോധിച്ച് കുട്ടിയെ നേരിട്ട് കാണാനുള്ള അവസരം നല്‍കും. കുട്ടിയെ ഇഷ്ടപ്പെടുകയാണെങ്കില്‍ സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറുടെയോ അധികാരികളുടെയോ സാന്നിദ്ധ്യത്തില്‍ ചൈല്‍ഡ് സ്റ്റഡി റിപ്പോര്‍ട്ടിലും മെഡിക്കല്‍ എക്സാമിനേഷന്‍ റിപ്പോര്‍ട്ടിലും അപേക്ഷകര്‍ ഒപ്പു വയ്ക്കണം.

നിയമനടപടികള്‍

അപേക്ഷകര്‍ക്ക് കുട്ടിയെ കണ്ട് സ്വീകാര്യമാണെങ്കില്‍ അന്നുമുതല്‍ 10 ദിവസത്തിനകം അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രം കോടതിയില്‍ കേസ് ഫയല്‍ ചെയ്യണം. രണ്ടുമാസത്തിനകം നിയമനടപടികള്‍ പൂര്‍ത്തീകരിക്കണം.

കുഞ്ഞിന്റെ അവകാശം

താന്‍ ദത്തെടുക്കപ്പെട്ടതാണെന്ന് അറിയാനുള്ള അവകാശം കുഞ്ഞിനുണ്ട്. അത് ദത്തെടുത്ത മാതാപിതാക്കളിലൂടെ തന്നെ അറിയുന്നതാകും ഉത്തമം. അവരിലൂടെ തന്നെ അറിയുമ്പോള്‍ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനും അതുമായി പൊരുത്തപ്പെടാനും കുട്ടികള്‍ക്ക് എളുപ്പമായിരിക്കും.

Share:

Leave your comments