ഞങ്ങളെക്കുറിച്ച്

കേരള സംസ്ഥാന ശിശുക്ഷേമസമിതി

നാളത്തെ ലോകം എന്താകണമെന്ന് തീരുമാനിക്കുന്നത് ഇന്ന് ജനിക്കുന്ന ഓരോ കുഞ്ഞുമാണ്. ദൗര്‍ഭാഗ്യവശാല്‍ എല്ലാവര്‍ക്കും ഒരുപോലെ സുരക്ഷിതമായ ജീവിതസാഹചര്യങ്ങള്‍ നല്‍കാന്‍ നമുക്ക് സാധിക്കുന്നില്ല. ചിലര്‍ ജനിച്ച ഉടനേ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു… സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ ചിലര്‍ വിദ്യാഭ്യാസ രംഗത്ത് പിന്‍തള്ളപ്പെട്ടുപോകുന്നു… സ്നേഹവും പരിചരണവും ലഭിക്കാതെ ചില ജീവിതങ്ങള്‍ പാതി വഴിയില്‍ വാടിപ്പോകുന്നു…. ജീവിതസാഹചര്യങ്ങളും വളര്‍ന്നുവരുന്ന അന്തരീക്ഷവുമെല്ലാം കുട്ടികളുടെ വ്യക്തിത്വത്തെ വളര്‍ത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇല്ലായ്മകളില്‍ തളര്‍ന്നുപോകാതെ ഓരോ കുട്ടിയ്ക്കും അവര്‍ അര്‍ഹിക്കുന്ന ജീവിതസാഹചര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ശിശുക്ഷേമ സമിതി നടത്തിവരുന്നത്.

ശിശുക്ഷേമ പരിപാടികള്‍, ശിശുക്ഷേമത്തിനായുള്ള നിയമനിര്‍മ്മാണങ്ങള്‍, അനാഥരായവരും വൈകല്യങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി സ്ഥാപനങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, തെരുവിലേക്ക് വലിച്ചെറിയപ്പെട്ടേക്കാവുന്ന കുഞ്ഞുങ്ങള്‍ക്കായി അമ്മത്തൊട്ടില്‍, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി കുടുംബങ്ങള്‍ക്ക് കൈമാറല്‍, നിര്‍ദ്ധനരായ തൊഴിലാളികളുടെ മക്കളെ പകല്‍നേരങ്ങളില്‍ പരിപാലിക്കുന്നതിനായി ക്രെഷ് സെന്ററുകള്‍, അംഗന്‍വാടി ജീവനക്കാര്‍ക്ക് പരിശീലനകേന്ദ്രങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍, മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍ സ്പെഷ്യല്‍ സ്‌കൂള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് സമിതി നടത്തിവരുന്നത്.

ട്രാവന്‍കൂര്‍- കൊച്ചിന്‍ സാഹിത്യ ശാസ്ത്രീയ ധര്‍മ്മത്ഥ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ട് 1955 പ്രകാരം ടി.എസ്. 24/1960 നമ്പരില്‍ 1960 സെപ്തംബര്‍ 14 നാണ് സംസ്ഥാന സമിതി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും അവയ്ക്ക് സംസ്ഥാനമൊട്ടാകെ നേതൃത്വം കൊടുക്കുന്നതും സമിതിയാണ്. ദേശീയ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി സമിതി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.  മുഖ്യമന്ത്രി പ്രസിഡന്റും സാമൂഹിക നീതി വകുപ്പ് മന്ത്രി ഒന്നാം വൈസ് പ്രസിഡന്റുമാണ്. ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളടങ്ങുന്ന സ്റ്റാന്റിംഗ് കമ്മറ്റിയാണ് സമിതിയുടെ ദൈനംദിന ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എല്ലാ ജില്ലകളിലും ജില്ലാ കൗണ്‍സിലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ ആണ് ജില്ലാ കൗണ്‍സിലുകളുടെ പ്രസിഡന്റ്.

പ്രവര്‍ത്തനമേഖല വലുതാണെങ്കിലും സമിതിയുടെ ഏക വരുമാന മാര്‍ഗ്ഗം സര്‍ക്കാര്‍ അനുമതിയോടെ അച്ചടിച്ച് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിന്റെ വിറ്റുവരവാണ്. നിരാശ്രയരായ കുഞ്ഞുങ്ങളുടെ ഉന്നമനം ആഗ്രഹിക്കുന്നവര്‍ നല്‍കുന്ന സംഭാവനകളിലാണ് പ്രവര്‍ത്തനങ്ങളുടെ ഏറിയ പങ്കും നടപ്പിലാക്കുന്നത്. ചെറുതും വലുതുമായ സാമ്പത്തിക സഹായങ്ങള്‍ക്കൊപ്പം വസ്ത്രങ്ങളും കുട്ടികള്‍ക്കുള്ള ഭക്ഷണസാധനങ്ങളും പഠനോപകരണങ്ങളും സംഭാവനയായി ലഭിക്കുന്നുണ്ട്.

ഉദ്ദേശങ്ങള്‍

  • ശിശുക്കളുടെ ജനനത്തിന് മുന്‍പും ശേഷവുമുള്ള ക്ഷേമവും താത്പര്യവും മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഏറ്റെടുക്കുക, അത്തരം പദ്ധതികളെ സഹായിക്കുക.
  • ശിശുക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ്, വിജ്ഞാനബോധം എന്നിവ പകരുന്നതിന് സഹായിക്കുക, അതിനാവശ്യമായ പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കുക.
  • ശിശുക്ഷേമ വിഷയങ്ങള്‍ സംബന്ധിച്ച നിയമനിര്‍മ്മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുക. ദേശീയ ശിശുക്ഷേമ ചാര്‍ട്ടര്‍ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക.
  • അനാഥരും ഉപേക്ഷിക്കപ്പെട്ടവരും ശാരീരിക-മാനസിക വൈകല്യമുള്ളവരുമായ ശിശുക്കളുടെ പുനരധിവാസത്തിനായി സ്ഥാപനങ്ങള്‍ ആരംഭിക്കുകയും പരിപാലിക്കുകയും ചെയ്യുക, ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംഘാടകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുക. പരിശീലനത്തിനായി സ്ഥാപനങ്ങള്‍ നടത്തുക.
  • സമാന ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ സ്ഥാപനങ്ങളുമായി സഹകരിക്കുകയും അത്തരം സ്ഥാപനങ്ങളിലേക്ക് പ്രതിനിധികളെ അയയ്ക്കുകയും അവരുടെ പ്രതിനിധികളെ സ്വീകരിക്കുകയും ചെയ്യുക.
  • ഇതേ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഏജന്‍സികളുമായും ഗവണ്‍മെന്റിതര ഏജന്‍സികളുമായും സംഘടനകളുമായും സഹകരിക്കുക. ശിശുക്ഷേമത്തിനുള്ള പദ്ധതികള്‍, ഫണ്ടുകള്‍ എന്നിവയുടെ ഭരണനിര്‍വ്വഹണം നടത്തുക.
  • ശിശുക്കളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തില്‍ കുടുംബങ്ങളുടേയും സമൂഹത്തിന്റെയും ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ഏറ്റെടുക്കുകയും അവയെ സഹായിക്കുകയും ചെയ്യുക.
  • സമൂഹത്തിലെ ദുര്‍ബലവിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെ കുഞ്ഞുങ്ങളുടെ പ്രൈമറി വിദ്യാഭ്യാസത്തിനും സ്‌കൂള്‍ വിദ്യാഭ്യാസത്തിനും വേണ്ട അവസരങ്ങള്‍ മെച്ചപ്പെടുത്തുക. അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക.
  • കുട്ടികളെയും അവരുടെ പ്രവര്‍ത്തനങ്ങളേയും സംബന്ധിച്ചുള്ള സ്ഥിതി വിവരകണക്കുകള്‍ ശേഖരിക്കുകയും അവ സംബന്ധിച്ച പഠനങ്ങള്‍ നടത്തുകയും അത്തരം പഠനങ്ങളെ സഹായിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുകയും നടത്തുകയും ചെയ്യുക.

ഭരണനിര്‍വഹണം