അമ്മത്തൊട്ടില്‍
പലവിധകാരണങ്ങളാല്‍ സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവര്‍ സമൂഹത്തിലുണ്ട്. ഒഴിഞ്ഞ സ്ഥലങ്ങളില്‍ അധികമാരും ശ്രദ്ധിക്കാത്ത തരത്തിലാണ് കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത്. ഉറുമ്പരിച്ചും പട്ടിണി കിടന്നും മറ്റ് ജന്തുക്കളുടെ ഉപദ്രവമേറ്റും കരഞ്ഞുതളരുന്ന അവരില്‍ ചിലര്‍ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടേക്കാം. ഈ സാഹചര്യം ഒഴിവാക്കുന്നതിനായാണ് ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കള്‍ക്ക് സംരക്ഷണം എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ശിശുക്ഷേമസമിതിയുടെ നിയന്ത്രണത്തില്‍ അമ്മത്തൊട്ടിലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തില്‍ കോഴിക്കോട് ഒഴികെ എല്ലാ ജില്ലകളിലും അമ്മത്തൊട്ടിലുകള്‍ ഉണ്ട്.
തിരുവനന്തപുരം തൈക്കാട് 2002 നവംബര്‍ 14 ന് അമ്മത്തൊട്ടില്‍ സ്ഥാപിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് തന്നെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും അമ്മത്തൊട്ടിലുണ്ട്. അമ്മത്തൊട്ടിലില്‍ നിന്ന് ലഭിക്കുന്ന കുട്ടികള്‍ക്കെല്ലാം സമിതി ആസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളുള്ള ശിശുപരിപാലന കേന്ദ്രത്തില്‍ സംരക്ഷണം നല്‍കി വരുന്നു. പിന്നീട് അനുയോജ്യരായ രക്ഷിതാക്കളെ കണ്ടെത്തി നിയമപ്രകാരം ദത്ത് നല്‍കുന്നു. ഇനിയൊരു കുഞ്ഞുപോലും തെരുവിലേക്ക് ഉപേക്ഷിക്കപ്പെടരുതെന്നതാണ് അമ്മത്തൊട്ടിലുകള്‍ ലക്ഷ്യം വയ്ക്കുന്നത്.